Wednesday, July 20, 2011

സര്‍വ്വകലാശാല- വിപ്ലവ കാണ്ഡം - വീട്ടിലെ ചില ദാര്‍ശനിക വിഷയങ്ങള്‍

"എവിടാരുന്നെടാ ഇത്രയും നേരം? രാത്രി പത്തു മണി കഴിഞ്ഞു നിന്നേം കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. എനിക്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ് എന്ന് അറിഞ്ഞൂടെ? " അമ്മേടെ ചോദ്യം കേട്ട്  എനിക്കെന്റെ സര്‍വ്വാംഗം ചൊറിഞ്ഞു വന്നു. മാനവ കുലത്തിന്റെ സര്‍വ്വ പ്രശ്നങ്ങളുടെയും മര്‍മ്മം  മനസ്സിലാക്കാനുള്ള ക്രാഷ് കോഴ്സ് കഴിഞ്ഞു വരുന്ന വഴിക്കാ...അമ്മേടെ രാവിലത്തെ ഡ്യൂട്ടി. സഖാവ് മഹേന്ദ്രന്‍ പറഞ്ഞത് നേരാ. കുടുംബം ഒരു വൃത്തി  കെട്ട establishment  തന്നെയാ. യുവജന  നേതാവും  പ്രാദേശിക  ബുദ്ധി  ജീവിയുമായ അങ്ങേരും ഇത്തരം പ്രശ്നങ്ങള്‍ വീട്ടില്‍ നിന്നും  അഭിമുഖീകരിക്കുന്നുന്റാകം. മനുജ കുലത്തിന്റെ നന്മക്കു വേണ്ടി, അസമത്വങ്ങള്‍  ഇല്ലാത്ത ലോകത്തിനു വേണ്ടി അമ്മയുടെ മകന്‍  പൊരുതാനുറച്ചു  മുന്നോട്ടു  പോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷ വര്‍ത്തമാനം വീട്ടുകാരെ അറിയിക്കാന്‍ വന്ന എന്നോട് അമ്മ ഇത്തരം  സില്ലി  ചോദ്യങ്ങള്‍ ചോദിച്ചത് എനിക്ക് തീരെ ഇഷ്ടപെട്ടില്ല.

രാവിലെ അമ്മ കഷ്ടപ്പെട്ട് പോയി ജോലി ചെയ്തിട്ടെന്തിനാ? ഇന്ന് വരെ അമ്മ ഒരു സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? വര്‍ഗ്ഗ സ്നേഹം എന്നത് അമ്മക്ക് തൊട്ടു തീണ്ടിയിട്ടുണ്ടോ?
പട്ടിണിയാണ് പരിവട്ടമാണ് എന്ന് പറഞ്ഞു പണ്ടു നഴ്സിംഗ് പഠിക്കാന്‍ പോകുന്നതിനു പകരം അമ്മ എന്ത് കൊണ്ടു സ്ഥിതി സമത്വത്തിനു വേണ്ടിയുള്ള  പോരാട്ടത്തിലേക്ക് എടുത്തു ചാടിയില്ല? അമ്മയാണത്രെ  അമ്മ...

അമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാത്തത് കൊണ്ടാകും ഞാന്‍ പെട്ടന്ന് പൊട്ടനായി പോയി എന്ന് അച്ഛന്‍ കരുതിയത്‌. അദ്ദേഹം അതെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. 'എവിടെ  പോയിരുന്നു എന്ന്?' ലോകം എമ്പാടും വര്‍ഗ്ഗ സമര കാഹളം മുഴങ്ങുന്ന വേളയില്‍ കുടുംബ കാര്യവും നോക്കി വീട്ടിലിരിക്കുന്ന ആ മനുഷ്യനോടു എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അല്ലെങ്കിലും അച്ഛന്‍ പണ്ടെ establishment ന്റെ ആളാണല്ലോ?  എയര്‍ ഫോര്‍സില്‍ നിന്നും വിരമിച്ചിട്ടും തീര്‍ന്നില്ല അടിച്ചമര്‍ത്തല്‍  ഉദ്യമങ്ങളുടെ  ഭാഗമാകാനുള്ള അച്ഛന്റെ ആ ത്വര...ഒരു സായുധ വിപ്ലവം നടന്നാല്‍...എന്റെ അച്ഛന്‍ അതിന്റെ എതിര്‍ പക്ഷത്തായാല്‍? എന്നിലെ പിഞ്ചു വിപ്ലവകാരിയുടെ മനസ്സ് പിടഞ്ഞു..

ഇറാക്കിനെ ആക്രമിക്കുന്ന അമേരിക്കക്ക് മോറല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന സൌദിയെ പോലെ എന്റെ അനുജന്‍ അപ്പനെയും അമ്മയെയും നോക്കി ഡൈനിങ്ങ്‌ ടേബിളില്‍ ഇരുപ്പുണ്ടായിരുന്നു. കുടികിടപ്പുകാരന്റെ കൊങ്ങക്ക്‌ പിടിച്ചു അലറുന്ന ഒരു ജന്മിയെ പോലെ അവന്‍  യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഒരു കോഴിക്കാല്‍  കടിച്ചു  ചവച്ചു കൊണ്ടു കൌതുക പൂര്‍വ്വം ഞങ്ങളെ നോക്കികൊണ്ടിരുന്നു. മുതലാളിത്ത ഭീകരതയെ പറ്റി യാതൊരു ടെന്ഷനുമില്ലാതെ ഫുഡും അടിച്ചിരിക്കുന്ന അവനെ ഞാന്‍ അപ്പോഴേ മുദ്ര കുത്തി 'വര്‍ഗ വഞ്ചകന്‍'. വര്‍ഗ്ഗ  വഞ്ചകന്‍മാരെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കണം എന്നാണു ഞാന്‍ ഇന്ന് പഠിച്ചത്. പക്ഷെ നാളെ എനിക്ക് അവന്റെ ബൈക്ക് വേണം എന്നുള്ളത് കൊണ്ടും, അവനു എന്നെക്കാള്‍  ആരോഗ്യം ഉള്ളത് കൊണ്ടും താത്വികമായി അവലോകനം ചെയ്തു ഞാന്‍ എന്റെ  അനുജനെ വര്‍ഗ്ഗ വഞ്ചകന്‍ എന്നതില്‍  നിന്നും ഒരു പെറ്റി ബൂര്‍ഷ്വാ ആക്കി മാറ്റി. സിമ്പിള് ...


എന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു വെയിറ്റ് ചെയ്ത വീട്ടുകാരോട് ഞാന്‍ പതിഞ്ഞ ശബ്ദത്തില്‍ താടിയും തടവികൊണ്ട്‌ ചോദിച്ചു "വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദം എന്താണ് എന്ന് അറിയാമോ?" വൈകുന്നേരത്ത് വെള്ള കപ്പേം പുഴുങ്ങി കാന്താരീം ഉടച്ചു തിന്നു ജീവിച്ച എന്റെ അപ്പനും അമ്മേം എന്റെ ചോദ്യം കേട്ട് ഞെട്ടി. അവര്‍ അന്ന് വരെ കേട്ടതില്‍ ഏറ്റവും കടുപ്പം കൂടിയ പദം ഗീവറുഗീസ് പുണ്യവാളന്‍ എന്നോ മറ്റോ ആയിരുന്നു. ഞാന്‍ വീട്ടിലേക്കു വിളിച്ചു കൊണ്ടു വന്ന ദാര്‍ശനിക ഭൂതം എന്റെ  അച്ഛനെയും അമ്മയെയും കണ്ണുരുട്ടി കാണിച്ചു. പക്ഷെ കയ്യില്‍ ഇരുന്ന ചപ്പാത്തി പരത്തുന്ന കുരിശു കാണിച്ചു കൊണ്ടു അമ്മ പറഞ്ഞു " വേണേല്‍ വല്ലോം കഴിച്ചേച്ചു കിടന്നുറങ്ങെടാ...പാതിരാത്രിക്ക്‌ അവന്റെ ഒരു സൂക്കേട്‌"..

അമ്മയുടെ മറുപടി കേട്ട് എന്റെ ഉള്ളിലെ വിപ്ലവ വ്യാളി തീയും തുപ്പി പുറത്തേക്കു ചാടിയിറങ്ങാന്‍ വീണ്ടും ശ്രമിച്ചു. പക്ഷെ ഡൈനിങ്ങ്‌  ടേബിളില്‍  ഇരിക്കുന്ന  ചപ്പാത്തിയും ചിക്കനും ഇനിയുള്ള സംസാരം ഭക്ഷണത്തിന് ശേഷം മതി എന്ന് എന്നോട് അഭ്യര്തിക്കുന്നത് പോലെ തോന്നി. മാത്രവുമല്ല ഞാന്‍ ചെല്ലാന്‍ വൈകിയാല്‍ പെറ്റി ബൂര്‍ഷ്വാ  എനിക്ക് വേണ്ടി വര്‍ഗ്ഗ ബോധമില്ലാത്ത എന്റെ അമ്മ മാറ്റി  വെച്ചിരിക്കുന്ന കോഴിക്കാലുകളെ ആക്രമിക്കും. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല കയ്യും കഴുകി വന്നിരുന്നു.  പുട്ടടിച്ചാലല്ലേ  പോരാടാനുള്ള  ആരോഗ്യമുണ്ടാകൂ.

അന്ന വിചാരം മുന്ന വിചാരം..വിപ്ലവ വിചാരം സമയം പോലെ

No comments: