Thursday, July 14, 2011

സര്‍വ്വകലാശാല - വട, പഴം പൊരി, ചായ

ആരും വന്നില്ലെങ്കിലും രാവിലെ ഏഴര മണിക്ക് തുറക്കും. ആയിരം പേര് കഴിക്കാന്‍ ക്യു നില്‍ക്കുന്നു എന്ന് പറഞ്ഞാലും ഒരു നിവൃത്തി ഉണ്ടെങ്കില്‍ രാത്രി എട്ടര മണിക്ക് അടക്കും. അതാണ്‌ കുസാറ്റിലെ ICH . നല്ലതൊന്നും തിന്നാന്‍ കിട്ടിയില്ലേലും വേണ്ടില്ല ദിവസം ഒരു നൂറ്റന്പതു പ്രാവശ്യമെങ്കിലും അവിടെ കയറി ഇറങ്ങിയില്ലെങ്കില്‍ ആകെ ഒരു ഉത്തുങ്കശ്രുങ്കത്വമാണ് .



ICH ലെ ചേട്ടന്മാര് തൊപ്പി വെച്ച് കൊണ്ടു തരുന്ന ചായ കുടിച്ചു ശീലമായിട്ടു വീട്ടില്‍ ചെന്ന് 'അമ്മ തൊപ്പി വെച്ച് കൊണ്ടു ചായ തന്നാല്‍ മാത്രമേ ഞാന്‍ ചായ കുടിക്കൂ' എന്ന് വാശി പിടിച്ച അനേകര്‍ കുസാറ്റില്‍ ഉണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. (നിങ്ങള്‍ ഇനി ഇത് എന്റെ അമ്മയോട് ചോദിക്കാനൊന്നും നില്‍ക്കണ്ട)



ശ്രീ ചിത്തിര തിരുനാള്‍ പൊന്ന് തമ്പുരാന്‍ വന്നാലും, വാറ്റ് കാരന്‍ ചാത്തൂട്ടി വന്നാലും ജോസേട്ടന് ഒരു പോലെയാ. 'വട ഇല്ല എന്ന് പറഞ്ഞാല്‍ വട ഇല്ല അത്ര തന്നെ'. ആറു ചായയും, ഒരു കാപ്പിയും പന്ത്രണ്ടു പഴംപൊരിയും പറഞ്ഞാല്‍ ആറു കാപ്പിയും ഒരു പഴം പൊരിയും പന്ത്രണ്ടു ചായയും കൊണ്ടു വരും. ഇതെന്താ എന്ന് ചോദിച്ചാല്‍ നീ ഇതല്ലേ പറഞ്ഞത് എന്ന് ചോദിച്ചു നമ്മളെ വിരട്ടും .അല്ല എന്ന് പറഞ്ഞാല്‍ നിനക്ക് വട്ടാണെന്ന് പറഞ്ഞു അതും കൊണ്ടു തിരിച്ചു നടക്കും.. എന്നിട്ട് പിന്നേം അത് തന്നെ കൊണ്ടു വരും.



പക്ഷെ ചോദിച്ച സാധനം കിട്ടിയില്ല എന്ന് പറഞ്ഞു നമ്മള്‍ അവിടെ നിന്നിറങ്ങി പോകുമോ? no.. never.നമ്മള്‍ അവിടെ തന്നെ ഇരിക്കും. വേറെ എവിടെ പോകാന്‍? ക്ലാസ്സില്‍ ചെന്നാല്‍ ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് അധ്യാപകര്‍ economics പറയും. GDP , GNP ഓലപീപീ അങ്ങനെ എന്താണ്ടൊക്കെ. ഇതൊക്കെ എന്താന്നു ചോദിച്ചാല്‍ ആദ്യം ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ വേറെ ഏതാണ്ടൊക്കെ പറയും.നമ്മള്‍ എന്തെങ്കിലും ഒന്നൂടെ കടുപ്പിച്ചു ചോദിച്ചാല്‍ ഒരു നോട്ടം നോക്കും. അവരുടെ വീടിന്റെ പുറകിലെ പത്തു സെന്റ് ഭൂമി നമ്മളുടെ പേര്‍ക്ക് എഴുതി തരാന്‍ നമ്മള് പറഞ്ഞ പോലെ. ചില നാണം കേട്ടവന്മാര്‍ പിന്നേം ചോദിച്ചാല്‍ അവരെ വിളിച്ചു മാറ്റി നിര്‍ത്തി "അനിയാ ഞാന്‍ ഇത് അറിയാവുന്ന ആരെയെങ്കിലും കൊണ്ടു എന്റെ ചിലവില്‍ നിനക്ക് ട്യുഷന്‍ എടുത്തു തരാം ആളെ വിട്" എന്നു പറയും. നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ നിഷേധിക്കുന്നു. ഈ ഡയലോഗ് ഞാന്‍ ഒരു സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് എഴുതിയതല്ല . ഇത് സത്യം...സത്യം... ഹാ...സത്യം.



കോഫീഹൌസിലെ അകത്തെ ഭാഗത്തേക്ക് സാധാരണ ഗതിയില്‍ മാന്യന്മാര്‍ ആരും വരാറില്ല.ഞങ്ങള്‍ ഒഴികെ. (ഞങ്ങള്‍ = ഞാന്‍, ശ്രീമദ് ചിമ്പു, പ്രാന്തന്‍ പ്രേമന്‍, danger തമ്പി, സെബിന്‍, കുഞ്ചു, മനു പുന്നന്‍, ഡച്ച് ശിവജി,താബരെ കുത്സി മനു, norbu, ഏണി തോമ, ക്യുബ നൃപന്‍ ദാസ്‌, engineer മൊയ്തു et . al ..) അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അവിടെ എപ്പോഴും സിഗരെറ്റ്‌ തിന്നുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും പ്രവര്‍ത്തനവും ഉണ്ടാകും എന്നതാണ്.





തൊഴിലില്ലായ്മയെ കുറ്റം പറഞ്ഞും, സാമൂഹിക വ്യവസ്ഥയില്‍ സംഭവിക്കുന്ന മൂല്യ ച്യുതിയെ പറ്റി ചര്‍ച്ച ചെയ്തും, രാഷ്ട്ര പുരോഗതിയില്‍ ചെറുപ്പക്കാരും വിദ്യാര്‍ഥികളും പങ്കു ചേരണം എന്ന് ആഹ്വാനം ചെയ്തും ഒക്കെ എങ്ങനെ എങ്കിലും ആര് മണി വരെ അവിടെ ഇരിക്കും. കാലിച്ചായയും കുടിച്ചു ആരാന്റെ ചൊറീം കുത്തി ICH ല്‍ ഇരിക്കുന്ന ഞങ്ങളെ ഒരു പാട് പേര്‍ പുച്ച്ചത്ത്തോടെ നോക്കിയിട്ടുണ്ട്. പക്ഷെ ആരും ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല.



നാണം ഇല്ലാത്തവനോടു അവന്റെ അണ്ടര്‍ വെയറില്‍ ഓട്ട ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം. അവന്‍ സ്വതന്ത്രനായി നടക്കുന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക .. അത്ര തന്നെ..

No comments: