കുട്ടിക്കാലം മുതല്കെ ഞാന്‍ നന്നായി പഠിക്കും,പാട്ട് പാടും, നൃത്തം ചെയ്യും...
സ്പോര്‍ട്സിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.ക്രിക്കറ്റ്, ഫുട്ട് ബോള്‍, കിളി ത്തട്ട് തുടങ്ങി എല്ലാത്തിലും ഒന്നാമന്‍.അധ്യാപകരുടെ കണ്ണിലുണ്ണി.കൂട്ട്കാരുടെ ഇടയിലെ ഹീറോ.പെണ്‍കുട്ടികളുടെ ആരാധനാ ചരുവം (പാത്രത്തില്‍ ഒന്നും ഒതുങ്ങില്ല..)സത്യം..ശരിക്കും....വിശ്വാസം വരുന്നില്ല? ഇതാ ഈ മലയാളീസിന്റെ ഒരു കുഴപ്പം.
കഴിവില്ല, കയ്യില്‍ കാശില്ല, കാണാനും കൊള്ളില്ല.പിന്നെ എങ്ങനെ നമ്മളെ ആരെങ്കിലും കാമ്പസില്‍ മൈന്‍ഡ് ചെയ്യും? ആലോചിക്കുന്തോറും സങ്കടം കൂടിക്കൂടി വരുന്നു.ഇതിന്നും ഇന്നലേം തുടങ്ങിയ സംഭവമല്ല .സ്കൂളില്‍ പഠിക്കുന്ന അന്ന് മുതല്‍ക്കേ നമ്മള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളാ ഇതൊക്കെ. കോപ്പി എഴുതിയില്ല,കണക്കു തെറ്റിച്ചു, നോക്കി എഴുതി, കാണിച്ചു തരാത്തവന്റെ തന്തക്കു വിളിച്ചു എന്നൊക്കെയുള്ള നിസ്സാര സംഭവങ്ങളുടെ പേരില്‍ നമ്മളെ ക്ലാസ്സില്‍ നിന്നും പുറത്താക്കും. അത് കണ്ടു ചിരിക്കാന്‍ കുറെ സുന്ദരി കോതമാരും,പഠിപ്പിസ്റ്റുകളും.ബ്ലഡി ബൂര്ഷ്വാസ്!!
കാശും, കഴിവും, സൗന്ദര്യവും എല്ലാം ഉള്ള ചില മറ്റവന്മാര്‍ ഉണ്ട് .അവനെയൊക്കെ എന്റെ കയ്യില്‍ കിട്ടിയാലുന്ടല്ലോ. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ... എന്തെങ്കിലും ചെയ്യണമെങ്കില്‍ ആരോഗ്യം വേണ്ടെ? പോട്ടെ ഒരു മിനിമം ധൈര്യം? അത് പോലുമില്ലാത്ത ഞാനൊക്കെ ഇവന്മാരെ കാണുമ്പോള് ഉള്ള കൃമി കടി കരഞ്ഞു തീര്‍ക്കുക എന്നല്ലാതെ എന്ത് ചെയ്യാന്‍?.
ഡല്‍ഹിയില്‍ നിന്നും, ബോംബെയില്‍ നിന്നും ഒക്കെ ജീന്‍സിനകത്ത് കയറി,കണ്ടോ?കണ്ടില്ലേ? എന്ന മാതിരിയുള്ള ഉടുപ്പും ഇട്ടു ഓരോ വര്‍ഷവും നൂറു കണക്കിന് പുതിയ applications കുസാറ്റില്‍ റിലീസ് ആകും.പക്ഷെ ഇതെന്തെങ്കിലും ഒന്ന് അടുത്തു കാണാനുള്ള ബേസിക് ഹാര്‍ഡ്‌വെയര്‍ നമ്മളുടെ കയ്യില്‍ വേണ്ടെ? ഇനി എങ്ങാനും വല്ല വഴി ചോദിക്കാനോ പെട്ടി എടുക്കാനോ നമ്മളെ വിളിച്ചാല്‍ 'വെല്‍ക്കം ടു ഊട്ടി..നൈസ് ടു മീറ്റ് യു'.അവിടെ തീര്‍ന്നു കാര്യം. നമ്മള് പറയുന്നത് അവര്‍ക്ക് മനസ്സിലാവില്ല. അവരാരും നമ്മളെ പോലെ ഇംഗ്ലീഷ് മീഡിയത്തില്‍ അല്ലല്ലോ പഠിച്ചത്.പുവര്‍ ഫെലോസ്.നമ്മള് നോക്കി നില്‍ക്കെ കാശും കഴിവും ഉള്ളവന്മാമാര്‍...ബൂര്‍ഷ്വാകള്‍...ഈ ആപ്ലികെഷന്‍സ് ഓരോന്നായി ഡൌണ്‍ ലോഡ് ചെയ്യും.
എന്നെ പോലെ ഉള്ള ആളുകള്‍ നൂറ്റാണ്ടുകളായിനേരിടുന്ന ഈ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വേണ്ടെ? കഴിവില്ല എന്ന് കരുതി..കാശില്ല എന്ന് കരുതി..ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍? കാറ്, വലിയ വീട്, എസി, പൂന്തോട്ടം, പൂജാ മുറി ...വിജയാ...
കുസാറ്റില്‍ വന്നു കഴിഞ്ഞപ്പോള്‍ അവിടെയും കഴിവുള്ളവന്മ്മാരെ കണ്ടു കണ്ടു പൊറുതി മുട്ടി. കുസാറ്റില്‍ ഇതേ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ആളുകളുമായി ഞാന്‍ പെട്ടെന്ന് അടുത്തു.അതങ്ങനെയാണല്ലോ...ഒരേ സൈറ്റ് നോക്കുന്നവന്മാര്‍ അത് ഒന്നിച്ചിരുന്നു നോക്കും എന്നാണല്ലോ സ്വാമി ഗൂഗിള്‍ തിരുവടികള്‍ പറഞ്ഞിട്ടുള്ളത്.
സ്ഥിതി സമത്വം എന്നുള്ളത് ഒരു വിദൂര സ്വപ്നം മാത്രമാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. കഴിവുള്ള, കാശുള്ള, കാണാന്‍ കൊള്ളാവുന്ന ചെറ്റകളെ എല്ലാം ഞങ്ങള്‍ വര്‍ഗ ശത്രുക്കളായി പ്രഖ്യാപിച്ചു. അങ്ങനെ എല്ലാം അവന്മാര്‍ ഒറ്റയ്ക്ക് അങ്ങ് മിണ്‌ങ്ങിയാല്‍ പിന്നെ ഞങ്ങള്‍ എന്തിനാ? (ആ ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല).
പാടാന്‍ അറിയില്ല, പഠിക്കാന്‍ വയ്യ, ഗുരുവായൂര്‍ കേശവന്റെ വയറും ഇന്ദ്രന്‍സിന്റെ കാലുമൊക്കെ ഉള്ള ഒരു രൂപമായത് കൊണ്ടു സ്പോര്‍ട്സും രക്ഷ ഇല്ല. എന്ത് ചെയ്യും? ഞങ്ങള്‍ക്കും എന്തെങ്കിലും ചെയ്യണ്ടെ? നാല് പേര് ഞങ്ങളെയും നോക്കണ്ടെ?
സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മേയ്ക്ക് അപ്പിനൊക്കെ ഒരു പരിധി ഇല്ലേ രാജപ്പാ? ജോലിയൊന്നും ചെയ്യാന്‍ വയ്യാത്തത് കൊണ്ടും പഠിക്കാന്‍ മനസ്സില്ലാത്തത് കൊണ്ടും ലോട്ടറി അടിക്കാതെ കാശുണ്ടാക്കാം എന്ന കാര്യം നടക്കില്ല.
ഇനി ഒരൊറ്റ വഴിയെ ഉള്ളു. ബുദ്ധി ജീവികള്‍ ആകുക. അങ്ങനെ ഞങ്ങള്‍ ബുദ്ധി ജീവികള്‍ ആകാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അത്ര എളുപ്പന്നു ഞങ്ങള്‍ക്ക് കഴിവില്ല എന്ന് ആര്‍ക്കും മനസ്സിലാവില്ല. കുസാറ്റിലെ ഔദ്യോഗിക ബുദ്ധി ജീവി സംഘടന ഞങ്ങളുടെതാണ് എന്ന് ഉറപ്പു വരുത്താന്‍ ഞങ്ങള്‍ അതിനു പേരും ഇട്ടു- CUBA- കൊച്ചിന്‍ യുനിവേര്സിടി ബുദ്ധി ജീവി അസോസിയേഷന്‍.
ശ്രീ ശ്രീ നൃപന്‍ ദാസ് അഖില ലോക ക്യൂബ സെക്രടറി ആയും, ഈയുള്ളവന്‍ അഖില ലോക പ്രസിഡന്റ് ആയും ക്യൂബ പ്രവര്‍ത്തനം ആരംഭിച്ചു.
ക്യൂബയുടെ ജാതക കുറിപ്പില്‍ നൃപന്‍ ഇങ്ങനെ എഴുതി - 'മഹത്വം ആരും നമ്മള്‍ക്ക് തരുന്ന ഒന്നല്ല അത് നമ്മള്‍ സ്വയം ആരോപിച്ചു എടുക്കേണ്ടതാണ്'
No comments:
Post a Comment