അങ്ങനെ ആ ശുഭരാത്രി വന്നെത്തി. സനാതനയിലെ എന്റെ ആദ്യ രാത്രി. മുത്തപ്പന് നെദിക്കാന് വേണ്ടിയാണ് എന്ന് പറഞ്ഞു എന്റെ സീനിയര് രവി ഒരു ഫുള്ള് OCR മേടിച്ചു കൊണ്ടു വരാന് പറഞ്ഞിരുന്നു. മുത്തപ്പന് വേണ്ടി മക്ടോവല്സ് അമ്പലത്തിലെ പ്രസാദവും, മല്ല്യ തിരുമനസ്സ് പൂജിച്ച തീര്ഥവും , മാധവാസിലെ കോഴി പൊരിച്ചതുമായി ഞാന് സനാതനയില് എത്തി.
പടി കയറി മുകളിലെത്തിയ ഞാന് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.. അര്ദ്ധനഗ്നനായ ഒരു കശ്മലന് ഒരു പാവം കുപ്പിയുടെ കഴുത്ത് പിടിച്ചു ഞെരിക്കുന്നു.. ഇംഗ്ലീഷ് സിനിമയിലെ രക്ത ദാഹികളായ ചെകുത്താന്മാര് പോലും നാണിച്ചു പോകുന്ന
മുഖഭാവവുമായി മൂന്നാലെണ്ണം അതും നോക്കി വെള്ളമിറക്കി നില്ക്കുന്നു.
ഞാന് തീരുമാനിച്ചു.. ഇപ്പോള് തന്നെ എങ്ങോട്ടെങ്കിലും ഓടി പോകണം.. ഇല്ലെങ്കില്.... ഇല്ലെങ്കില് ഞാന് കൊണ്ടു വന്നതില് നിന്നും ഒരു തുള്ളി പോലും ഈ നായിന്റെ മക്കള് എനിക്ക് തരില്ല.. എങ്ങോട്ടോടും? ഞാന് പൊതിഞ്ഞു കൊണ്ടു വന്ന എന്റെ പ്രാണനെയും കെട്ടി പിടിച്ചു ഞാന് അവിടെ നിന്ന് ആലോചിച്ചു.. മാത്യുവിന്റെ അടുത്ത് പോയാലോ? .. വേണ്ട..പതിനൊന്നര മണി.. ഗേറ്റ് ചാടല്.... വര്ഗീസേട്ടന്റെ താടി. ആ ആലോചന ഞാന് നോക്കി നില്കെ തന്നെ അവിടെ ആത്മഹത്യ ചെയ്തു.
മറ്റൊരു ഐഡിയ വരുന്നതിനു മുന്പേ അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള ആ കുട്ടിച്ചാത്തന് എന്നെ കണ്ടു. സ്നേഹത്തോടെ എന്നെ വിളിച്ചു 'കേറി വാടാ നാറി' അവന്റെ സ്നേഹത്തിനു മുന്പില് ഞാന് കീഴടങ്ങി.(ജീവിതത്തിനു മുന്പില്.. എന്ന് വായനകാര്ക് വേണമെങ്കില് വായിക്കാം ). വലതു കാല് വെച്ച് ഞാന് മുപ്പതാം നമ്പര് മുറിയിലേക്ക് കയറി. ബുര്ജ് ഖലീഫയിലെ മുറികള് തോറ്റു പോകും.
ചില ആങ്കിളില് നിന്നും ആ മുറി കണ്ടാല് മൈക്കല് ജാക്സന്റെ പരിപാടി (അയ്യേ.. മറ്റെതല്ല.. ഇത് ശരിക്കും ഡാന്സ് പരിപാടി) നടക്കുന്ന സ്റ്റേജ് ആണോ എന്ന് തോന്നി പോകും. അത്ര സെറ്റപ്പ്. സിഗരറ്റിന്റെ പുക കാരണം ശ്വാസം മുട്ടി ചാകാന് കിടക്കുന്ന ഓക്സിജന് തന്മാത്രകള്.. ശിലായുഗം മുതല്ക്കേ വെള്ളം കാണാതെ കിടക്കുന്ന ബെഡ് ഷീറ്റ്..ഒരു 407 ലോറിയില് പോലും ഒതുങ്ങാത്ത അത്ര സിഗരറ്റ് കുറ്റികള്.. അങ്ങനെ എല്ലാം കൊണ്ടും താമസയോഗ്യമായ ഒരുഗ്രന് സ്ഥലം. ഞാനുറപ്പിച്ചു,ഇന്ന് രാത്രി ഇവിടെ തന്നെ.
അഭിനവ മഹാ കവി സന്തോഷ് പണ്ഡിറ്റ് പാടിയ സര്ഗവിസ്മയം തുളുമ്പുന്ന വരികള് എന്റെ മനസ്സിലേക്ക് ഓടിയെത്തി..'രാത്രി ശുഭ രാത്രി..'
ആ നല്ല സമയത്ത് എന്റെ മനസ്സിലിരുന്നു ഏതോ വൃത്തികെട്ടവന് പുലമ്പി. 'നാളെ ക്ലാസ്സില് പോണ്ടെ?.. പഠിക്കന്റെ?'.
No comments:
Post a Comment