ബുദ്ധി ജീവികള്‍ എന്ന് വെച്ചാല്‍ ബുദ്ധി മുട്ടി ജീവിക്കുന്ന ജീവികള്‍ എന്നാണല്ലോ. കാര്യമായ ഒരു പണിയും അറിയാത്ത ആളുകള്‍ക്ക് പറ്റിയ പണിയാണ് ഇത്. ലോകത്തിലുള്ള ഏതു കാര്യത്തിനെ കുറിച്ചും ആരും ചോദിച്ചില്ലെങ്കിലും അഭിപ്രായം പറയുക എന്നതാണ് ഒരു ബുദ്ധി ജീവിയുടെ പ്രധാന കര്‍ത്തവ്യം. ഇനി നമുക്ക് ഒന്നും അറിയില്ലെങ്കിലും, അഭിപ്രായം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഒരു അഭിപ്രായം ഉണ്ട് എന്ന് അഭിനയിച്ചാല്‍ മതി. അഥവാ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചോദിച്ചവനോട് 'എന്റെ അഭിപ്രായം മനസ്സിലാക്കാനുള്ള കഴിവോ അത് സ്വാംശീകരിക്കാനുള്ള ബൌദ്ധിക നിലവാരമോ നിനക്കൊന്നും ഇല്ലെടാ ശുംഭാ' എന്ന് പറയുക. (ഇത് പറയുന്നതിന് മുന്‍പ് അവന്റെയും നമ്മളുടെയും ആരോഗ്യത്തെ കുറിച്ച് ഒരു താരതമ്യ പഠനം നടത്തുന്നത് നന്നായിരിക്കും). കേരളത്തില്‍ ശുംഭന്‍ പ്രയോഗം നടത്തുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം കോടതിയില്‍ നിന്നും വാങ്ങുന്നതും നന്നായിരിക്കും.
സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാകാത്ത (ഉള്ളത് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകാത്ത) ഭാഷയില്‍ വേണം ഒരു ബുദ്ധി ജീവി സംസാരിക്കാന്‍. അല്ലെങ്കില്‍ നമ്മുടെ മാര്‍ക്കറ്റ് ഇടിയും. കടിച്ചാല്‍ പൊട്ടാത്ത പത്തു പതിനഞ്ചു വാക്കുകളെങ്കിലും എപ്പോഴും ഒരു ബുദ്ധി ജീവിയുടെ കയ്യില്‍ സ്റ്റോക്ക് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് വിജ്ജ്രുംഭിതം, ഉല്‍ഫലോല്ഫലകത, ജാലസ്പികത, ഉത്തുന്ഗശ്രുങ്ങത്ത്വം, പാമാരോന്മുഖത, വാനരമുഖന്‍, ഗുല്‍ഗുലു തിക്തകം അങ്ങനെയുള്ള പദങ്ങള്‍. അതൊക്കെ കിട്ടുന്ന അവസരങ്ങളിലൊക്കെ എടുത്തു പ്രയോഗിക്കുക. (എന്റെ ചില previous പോസ്റ്റുകളില്‍ ഇത്തരം പദങ്ങള്‍ കണ്ടെന്നു വരാം. അത് കാണുമ്പോള്‍ ശ്രീ ശ്രീ നൃപന്‍ ദാസ് മഹത്വത്തെ പറ്റി പറഞ്ഞത് ഓര്‍ക്കുക. മഹാന്‍ ആകേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലോ)
സ്വന്തം അച്ഛന്റെ പേര് മറന്നു പോയാലും മാര്‍ക്സ്, ഹെഗേല്‍, റസ്സല്‍, ഗ്രാംഷി, താബരെ കുത്സി മുതലായവരുടെ പേരുകള്‍ മറന്നു പോകരുത്. പുട്ടിനു പീര ഇടുന്ന പോലെ എന്ത് പറയുമ്പോഴും ഇവരുടെ പേരുകള്‍ ഉരുവിട്ട് കൊണ്ടിരിക്കുക. ഇവരൊക്കെ ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആദ്യം അവനെ/അവളെ രൂക്ഷമായി നോക്കുക. അതിനു ശേഷം വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലില്‍ നിന്നും ഒരു 40 ft കണ്ടൈനര്‍ നിറച്ചു പുച്ച്ച്ചം കൊണ്ടു വന്നു നമ്മളുടെ കിറിയുടെ കോണില്‍ വെക്കുക. എന്നിട്ട് അവരെ നോക്കി ഗൌരവം വിടാതെ 'സില്ലി ബോയ്' എന്ന് അര്‍ഥം വരുന്ന രീതിയില്‍ ഒന്ന് മന്ദഹസിക്കുക. ഒരു മാതിരിയുള്ളവര്‍ ഒക്കെ അതോടെ ഒതുങ്ങും. അതിനു ശേഷവും അവര്‍ ഇവരെ പറ്റി ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നവര്‍ക്ക് ഇവരെ കുറിച്ച് എന്തൊക്കെയോ അറിയാം എന്ന് മനസ്സിലാക്കുക. പിന്നെ താമസിക്കരുത് 'എനിക്ക് ഫേസ് ബുക്കില്‍ നോട്സ് എഴുതാന്‍ സമയമായി' എന്ന് പറഞ്ഞു അവിടെ നിന്ന് സ്കൂട്ട് ആകുക.
കുടുംബത്തില്‍ പിറന്ന ആളുകള്‍ ബുദ്ധി ജീവികള്‍ ആകില്ല (മകന്‍ തെണ്ടി തിരിഞ്ഞു നടക്കാന്‍ അവന്റെയൊക്കെ അപ്പനും അമ്മയും സമ്മതിക്കില്ല). തൊഴിലൊന്നും അറിയാത്തത് കൊണ്ടു ജീവിതം പൊതുവേ ബുദ്ധി ജീവികള്‍ക്ക് ദുര്ഖടം ആയിരിക്കും. ദൈനംദിന ചിലവുകള്‍ക്ക് (ഫുഡ്, സിഗരറ്റ്, മദ്യം) ക്യൂബ അംഗം അല്ലാത്ത ആളുകളെ പറഞ്ഞു പറ്റിക്കുക. വല്ല പണിക്കും പോക്കൂടെ എന്ന് ഏതെങ്കിലും വിവരദോഷി ചോദിച്ചാല്‍, ചാതുര്‍വര്‍ണ്ണ്യം ഇപ്പോഴും നിലവില്‍ ഉണ്ടെന്നും ബുദ്ധി ജീവികള്‍ ആണ് ഇപ്പോഴത്തെ വ്യവസ്ഥയിലെ ബ്രാഹ്മണന്മാര്‍ എന്നും പറയുക. മേലനങ്ങാതെ ജീവിക്കുന്നതിനുള്ള താത്വികമായ ഒരു വിശദീകരണം നിങ്ങള്‍ സ്വയമായി ഉണ്ടാക്കുക. ബ്രാഹ്മണ്യം ഞാന്‍ use ചെയ്യുന്ന വിശദീകരണമാണ്.
ആരെങ്കിലും നമ്മളുടെ നിസ്സഹായാവസ്ഥ കണ്ടു ഒരു കാലി ചായ എങ്കിലും മേടിച്ചു തരാന്‍ തുനിഞ്ഞാല്‍ ആദ്യം അത് നിഷേധിക്കുക. ആഫ്രിക്കയിലും, ഇറാക്കിലും പിന്നെ ദക്ഷിണ ചൊവ്വയിലും ഒക്കെ പട്ടിണി കിടക്കുന്നവരെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയുക. അവന്‍ ഓടി പോകുന്നതിനു മുന്‍പ് ആഗോളവല്‍ക്കരണം മൂലം കേരളത്തിലെ കോഴി കര്‍ഷകരും പൊറോട്ട അടിക്കുന്ന ആളുകളും നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുക. അതിനു ശേഷം ചായ മേടിച്ചു തരാം എന്ന് പറഞ്ഞവനെ വെല്‍ഡ് ചെയ്തു പൊറോട്ടയും മുട്ടയും കഴിക്കുക. കഴിക്കുമ്പോള്‍ പൊറോട്ട അടിക്കുന്ന ആളുകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ നേര്‍ക്കാഴ്ച ഒരിക്കല്‍ കൂടി present ചെയ്യുക.നമ്മള്‍ കഴിക്കുന്ന ഓരോ പൊറോട്ടയും പൊറോട്ട അടിക്കുന്നവരുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവകരമായ മാറ്റത്തെ കുറിച്ച് പറയുക. ഓവര്‍ ആകരുത്.
നാലാള് കൂടി നില്‍ക്കുന്നിടത്ത് പോയി ഒരു കാരണവശാലും ചിര്ച്ചു കൊണ്ടു സംസാരിക്കരുത്. ബുദ്ധി ജീവികള്‍ ചിരിക്കാറില്ല. അതിനെക്കാള്‍ പ്രധാനം മണ്ടത്തരങ്ങള്‍ പറഞ്ഞു അവരെ ചിരിപ്പിക്കരുത്. ബുദ്ധി ജീവി ലേബല്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന പ്രപഞ്ച സത്യം മനസ്സിലാക്കുക.
കാര്യങ്ങളൊക്കെ മനസ്സിലായെങ്കില്‍ എനിക്കും നൃപന്‍ ദാസിനും ഓരോ ചായയും വാങ്ങിച്ചു തന്നിട്ട് ക്യൂബയുടെ മെംബെര്‍ഷിപ് അപ്ലൈ ചെയ്യുക.
No comments:
Post a Comment